National
ന്യൂഡൽഹി: ശേഷിക്കുന്ന സംസ്ഥാനങ്ങളിലും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിനുള്ള (എസ്ഐആർ) ആദ്യഘട്ട നടപടികൾ ആരംഭിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം.
എസ്ഐആറുമായി ബന്ധപ്പെട്ട തയാറെടുപ്പ് എത്രയും വേഗം ആരംഭിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കു നൽകിയ കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതിനോടകം എസ്ഐആർ നടപടികൾ ആരംഭിച്ചിരുന്നു.
ഈ സംസ്ഥാനങ്ങളിലെല്ലാം അന്തിമ വോട്ടർപട്ടിക വൈകാതെ പ്രസിദ്ധീകരിക്കാനിരിക്കെയാണു കമ്മീഷന്റെ പുതിയ നീക്കം.
22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ ഇനി നടക്കാനുള്ളത്. നടക്കാനിരിക്കുന്ന സെൻസസിനു മുന്നോടിയായി ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ആദ്യഘട്ടമായി നടക്കുന്ന ഹൗസ് ലിസ്റ്റിംഗ് ആൻഡ് ഹൗസ് സെൻസസിന് ഒപ്പമായിരിക്കും ബാക്കി സംസ്ഥാനങ്ങളിലെ എസ്ഐആർ നടപടികൾ ആരംഭിക്കുക. എന്നാൽ ഇവ തമ്മിൽ കൂടിക്കുഴയ്ക്കില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏപ്രിലില്‍. വോട്ടെടുപ്പിന്റെ കൃത്യ തീയതികളും ഘട്ടങ്ങളും മാര്‍ച്ച് മധ്യത്തില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഉന്നതര്‍ പറഞ്ഞു. കേരളം, തമിഴ്നാട്, ബംഗാള്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷമുള്ള തെരഞ്ഞെടുപ്പാകും നടക്കുക.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഒരു ദിവസം വോട്ടെടുപ്പു പൂര്‍ത്തിയാക്കുന്ന പതിവിനു വിരുദ്ധമായി ഇത്തവണ രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍, പഴയതുപോലെ ഒറ്റ ദിവസം വോട്ടെടുപ്പു മതിയെന്നാണു കേരളത്തില്‍നിന്നുള്ള ശിപാര്‍ശ. പശ്ചിമബംഗാളില്‍ ഏഴോ, എട്ടോ ഘട്ടങ്ങളായും ആസാമില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളായും വോട്ടെടുപ്പു നടത്താനാണ് ആലോചന.
കഴിഞ്ഞ തവണ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ദിവസം വോട്ടെടുപ്പു പൂര്‍ത്തിയാക്കിയിരുന്നു. പശ്ചിമ ബംഗാളില്‍ ചരിത്രത്തിലാദ്യമായി എട്ടു ഘട്ടങ്ങളിലായാണു വോട്ടെടുപ്പു നടത്തിയത്. ആസാമില്‍ രണ്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പു നടന്നത്.
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരും ഉദ്യോഗസ്ഥരും അഞ്ചു സംസ്ഥാനങ്ങളും ഉടന്‍ സന്ദര്‍ശിക്കും. സംഘം ഇന്നലെ ആസാമില്‍ എത്തിയിട്ടുണ്ട്. എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക കേരളത്തില്‍ ശനിയാഴ്ചയും തമിഴ്നാട്ടില്‍ 24നും പശ്ചിമ ബംഗാളില്‍ 28നും പ്രസിദ്ധീകരിക്കും. പുതുച്ചേരിയില്‍ കഴിഞ്ഞ 14നു വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. എസ്ഐആര്‍ നടപ്പാക്കാതിരുന്ന ആസാമില്‍ പ്രത്യേക പുനരവലോകനത്തിനു ശേഷമുള്ള അന്തിമ പട്ടിക കഴിഞ്ഞ പത്താം തീയതി പ്രസിദ്ധീകരിച്ചു.
കേരളം, തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിനു വോട്ടര്‍മാരുടെ കുറവാണ് അന്തിമ വോട്ടര്‍പട്ടികയിലുള്ളത്. പട്ടികയില്നിന്നൊഴിവാക്കിയവരില് ഭൂരിപക്ഷവും ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ മരിച്ചുപോയവരെയും അര്ഹരല്ലാത്തവരെയുമാണു ഒഴിവാക്കിയതെന്നു തെരഞ്ഞെടുപ്പു കമ്മീഷന് പറയുന്നു. ആസാമിലും ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ചു പട്ടികയില്‍ നിന്നൊഴിവാക്കിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) ത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ വോട്ട് ചെയ്യാനുള്ള സാധാരണക്കാരുടെ മൗലികാവകാശത്തിനു ഭീഷണിയാണെന്നും വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കുന്നതാണെന്നും ബേബി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്‍പ് തിരക്കിട്ടു നടത്തുന്ന എസ്ഐആർ നടപടി തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യംചെയ്യുന്നു. ഇതോടൊപ്പം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന സമ്മർദവും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽനിന്ന് സ്ഥലംമാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
തുടർച്ചയായി ഒരു പോസ്റ്റിൽ മൂന്ന് വർഷം തികച്ചവരെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർ, എഡിഎമ്മുമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, തഹസിൽദാർമാർ, ബിഡിഒ എന്നിവർക്കും റേഞ്ച് എഡിജിപി മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കും ഈ നിർദേശം ബാധകമാണ്.
കേരളം കൂടാതെ അസം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. സംസ്ഥാനത്ത് മോയ് 23 വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി.
Kerala
തിരുവനന്തപുരം: 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആന്റോ ആന്റണി രണ്ടു കോടി വാങ്ങിയെന്ന നെടുംപറന്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി സിപിഎം.
വാങ്ങിയത് കള്ളപ്പണമാണോ എന്ന് ആന്റോ ആന്റണി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ടിലൂടെയാണോ പണം വാങ്ങിയത്. കള്ളപ്പണമാണോ എന്ന് വ്യക്തമാക്കേണ്ടത് ആന്റോ ആന്റണിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം ആന്റോ ആന്റണിക്കെതിരെയും എൻ.എം. രാജുവിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ വിജിലൻസിനു പരാതി നൽകി.
പണമിടപാടിൽ വ്യക്തത വരാനുണ്ടെന്നും കണക്കിൽ പെടാത്ത പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇ മെയിൽ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്.
നിക്ഷേപകരുടെ തുകയാണ് യാതൊരു രേഖകളുമില്ലാതെ വിശ്വാസത്തിന്റെ പേരിൽ ആന്റോയ്ക്കു നൽകിയതെന്നായിരുന്നു രാജുവിന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിലാണ് പലിശ വ്യവസ്ഥയിൽ പണം വാങ്ങിയത്.
ഏഴ് വർഷം കഴിയുമ്പോഴും നാളിതുവരെ 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചു നൽകിയത്. സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് തന്റെ മകൾ നേരിട്ട് പോയി അപേക്ഷിച്ചിട്ടും ആന്റോ പണം തിരികെ തന്നില്ല. അക്കാലത്ത് താൻ യുഡിഎഫിന്റെ ഭാഗമായിരുന്നുവെന്നും രാജു പറഞ്ഞു.
രണ്ടു കോടി രൂപ വാങ്ങിയെന്നും 20 ലക്ഷം രൂപ മാത്രമേ മടക്കി നൽകിയുള്ളൂവെന്നുമുള്ള രാജുവിന്റെ ആരോപണം ആന്റോ ആന്റണി തള്ളിയിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് സഹായമെന്ന നിലയിൽ പണം വാങ്ങിയിരുന്നതായി ആന്റോ ആന്റണി പറഞ്ഞു. അദ്ദേഹം അന്ന് യുഡിഎഫിന്റെഭാഗമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം തുക തിരികെ നൽകുകയും ചെയ്തു.
പലരും അന്ന് സഹായിച്ചിട്ടുണ്ട്. തന്നെ മാത്രമല്ല സിപിഎമ്മിനെയും മറ്റു പാർട്ടികളെയും രാജു സഹായിച്ചിട്ടുണ്ട്. ഇടത് മുന്നണിയുടെ സമ്മർദത്തെ തുടർന്നാണ് രാജു ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കാനായി രൂപീകരിച്ച നാഷ്ണല്‍ ഫാര്‍മേഴ്സ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് ജോര്‍ജ് ജെ. മാത്യു പൊട്ടംകുളം.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു സ്വാധീനമുള്ള മേഖലയില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഭാരവാഹികളായി ജോമോന് കെ. ചാക്കോ (ജനറല്‍ സെക്രട്ടറി), ജോസഫ് മൈക്കിള്‍ (ട്രഷറര്‍), എം.വി. മാണി, കെ.ഡി. ലൂയിസ് (വൈസ്പ്രസിഡന്റ്), പി. ജോണിക്കുട്ടി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നിരീക്ഷകർക്കായുള്ള പരിശീലനം ഡൽഹിയിൽ ആരംഭിച്ചു.
സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. ആകെ 1444 ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയോഗിച്ചത്.
714 പൊതു നിരീക്ഷകരെയും 233 പോലീസ് നിരീക്ഷകരെയും 497 തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും സംസ്ഥാനങ്ങളിലേക്ക് പോകും. എസ്ഐആർ അടക്കമുള്ള വിഷയങ്ങൾ നിരീക്ഷകരോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' നടപടികൾക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിനെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്നും നീതിക്കായി താൻ കോടതിയെ സമീപിക്കുകയാണെന്നും മമത പറഞ്ഞു.
ഒരു സിറ്റിംഗ് മുഖ്യമന്ത്രി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിക്കുന്നത് അത്യപൂർവ്വമായ നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ഒരു 'വാട്സാപ്പ് കമ്മീഷനായി' മാറിയിരിക്കുകയാണെന്ന് മമത പരിഹസിച്ചു. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ വാട്സാപ്പിലൂടെ നിർദ്ദേശങ്ങൾ നൽകുന്നുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്സർവർമാരെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടാൻ കമ്മീഷൻ ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു.
വോട്ടർ പട്ടികയിൽ പുതിയ പേരുകൾ ചേർക്കുന്നതിനേക്കാൾ ഉള്ളവ ഒഴിവാക്കാനാണ് കമ്മീഷൻ താത്പര്യപ്പെടുന്നത്. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് മാറുന്ന സ്ത്രീകളുടെ പേരുകൾ പോലും പട്ടികയിൽ നിന്ന് അകാരണമായി നീക്കം ചെയ്യപ്പെടുകയാണെന്ന് മമത ചൂണ്ടിക്കാട്ടി. ബംഗാളിൽ മാത്രം ഏകദേശം 58 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായി അവർ കോടതിയിൽ പറഞ്ഞു.
അസം പോലുള്ള മറ്റ് അയൽ സംസ്ഥാനങ്ങളിൽ ഇല്ലാത്ത വിധം ബംഗാളിൽ മാത്രം എന്തിനാണ് ഇത്ര ധൃതിയിൽ വോട്ടർ പട്ടിക പുതുക്കുന്നതെന്ന് മമത ചോദിച്ചു. സാധാരണ രണ്ട് വർഷം എടുക്കുന്ന നടപടികൾ വെറും രണ്ട് മാസം കൊണ്ട് തീർക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്നും അവർ ആരോപിച്ചു.
മമതയുടെ വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. വോട്ടർ പട്ടിക പുതുക്കുമ്പോൾ കമ്മീഷൻ ഉദ്യോഗസ്ഥർ കൂടുതൽ 'സെൻസിറ്റീവ്' ആയി പെരുമാറണമെന്ന് കോടതി നിർദ്ദേശിച്ചു. പേരുകളിലെ അക്ഷരപ്പിശകുകൾ മാത്രം നോക്കി വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കരുതെന്നും കോടതി വ്യക്തമാക്കി.
ഈ കേസിൽ അടുത്ത വാദം ഫെബ്രുവരി ഒൻപതിന് നടക്കും.
Kerala
തിരുവനന്തപുരം: എസ്ഐആർ തുടങ്ങിയത് മുതൽ സംസ്ഥാനത്തൊട്ടാകെ 44,46,107 ഫോമുകൾ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. 25 ഒക്ടോബർ 27 മുതൽ 2026 ജനുവരി 30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്തൊട്ടാകെ 12,462 പേർ കരട്പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്.
മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ തുടങ്ങിയ കാരണങ്ങളാൽ, ഹിയറിംഗ് വേളയിൽ കരടു പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിത്. ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ വ്യത്യാസം വരുമെന്നും ഹിയറിംഗ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും കരട് പട്ടികയിൽനിന്നു പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
തിരുവനന്തപുരം: വിദേശത്തു ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനായി പുതിയ സംവിധാനം തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.
വോട്ടർപട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഇറോനെറ്റ്, ബിഎൽഒ ആപ്പ് എന്നിവയിൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമാക്കി.
ജനനസ്ഥലം വിദേശത്തുള്ള പ്രവാസികൾക്ക് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്ലൈനായി ബിഎൽഒ, ഇആർഒ എന്നിവർ വഴി വോട്ടർപട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിക്കാം. ബിഎൽഒ ആപ്പ് വഴി അപേക്ഷകൾ സ്വീകരിക്കാനും രേഖകൾ പരിശോധിക്കാനും ബിഎൽഒമാർക്ക് സാധിക്കും. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്കു പുറത്ത് ’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താം.
നിലവിലെ ഫോം ആറിലോ ഫോം 6 എയിലോ അപേക്ഷിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ജനനസ്ഥലം ഇന്ത്യക്കു പുറത്താണെന്നു രേഖപ്പെടുത്താൻ നിലവിൽ ഓപ്ഷനുകൾ ഇല്ലാത്തതായിരുന്നു കാരണം. വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിയാത്ത പ്രശ്നം ചൂണ്ടിക്കാട്ടി ‘ദീപിക’ നേരത്തേ വാർത്ത നൽകിയിരുന്നു.
പുതുക്കിയ പാസ്പോർട്ട് പ്രകാരമുള്ള രണ്ടക്ഷരം (ഡബിൾ ആൽഫബറ്റ്) ഉൾക്കൊള്ളുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എറോനെറ്റ് സൈറ്റ് നേരത്തേ സജ്ജമായിരുന്നു. ഇതുവരെ ഫോം 6 എ വഴി 1,37,162 പ്രവാസികൾ വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷൻ ഉൾപ്പെടെയുള്ള രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങൾ സമീപകാലത്തായി നിരന്തരം സമ്മർദം നേരിടുന്നതായി രാജ്യസഭ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
ജനാധിപത്യം നിലനിൽക്കുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്നതിനും ഭരണഘടനാസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതു പൗരന്മാരുടെ കടമയാണെന്നും 16-ാമത് സമ്മതിദാന അവകാശ ദിനത്തിൽ അദ്ദേഹം പറഞ്ഞു.
വോട്ട് ചോരിയിലൂടെയും കൃത്യമായ പദ്ധതിയില്ലാതെ നടപ്പാക്കിയ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തി (എസ്ഐആർ) ലൂടെയും ദീർഘകാലമായി വിലമതിക്കപ്പെട്ടിരുന്ന രാജ്യത്തിന്റെ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതായും ഖാർഗെ ആരോപിച്ചു.
ജനങ്ങളുടെ കൂട്ടായ ശബ്ദത്തിനു രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താൻ കഴിയുമെന്നതിന്റെ ഓർമപ്പെടുത്തലാണ് സമ്മതിദാന അവകാശദിനമെന്നും സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ ഖാർഗെ ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നീതിയുക്തവും ഭയരഹിതവുമായ ഒരു തെരഞ്ഞെടുപ്പിന് രാജ്യത്തെ ജനങ്ങൾ അർഹരാണ്. ശുദ്ധമായ വോട്ടർപട്ടികയും തുല്യതയുമാണ് ഇതിനാവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: എസ്ഐആറിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിഎൽഎമാർ സമർപ്പിക്കുന്ന ഫോമുകൾ സ്വീകരിക്കണമെന്ന് ഇആർഒമാർക്കും ബിഎൽഒമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ നിർദേശം നൽകി.
തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിൽ, ബിഎൽഒമാർ ഫോം സ്വീകരിക്കുന്നില്ലെന്ന് രാഷ്ട്രീയ പാർട്ടികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിർദേശം.
കരട് വോട്ടർപട്ടിക പ്രാബല്യത്തിൽ വന്നതു മുതൽ ബിഎൽഎമാർക്ക് ഒരു ദിവസം പരമാവധി 10 അപേക്ഷ വരെ സമർപ്പിക്കാം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത തടവുകാരുടെ അയോഗ്യത സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിംഗ് നടത്തും. ജയിലില്‍ കഴിയുന്നതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാത്ത കണ്ണൂര്‍ ജില്ലയിലെ രണ്ട് തദ്ദേശ സ്ഥാപന വിജയികളുടെ അയോഗ്യത സംബന്ധിച്ചാണ് ഹിയറിംഗ് തുടങ്ങാന്‍ തീരുമാനിച്ചത്.
തലശേരി നഗരസഭയിലെ 37-ാം വാര്‍ഡില്‍ വിജയിച്ച പ്രശാന്ത്, പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡിലെ വിജയി വി,കെ. നിഷാദ് എന്നിവരാണ് ജയിലില്‍ കിടക്കുന്നതിനെ തുടര്‍ന്ന് ഇനിയും സത്യപ്രതിജ്ഞ ചെയ്തിട്ടില്ലാത്തത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ മതിയായ കാരണമില്ലാതെ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ അംഗത്വം അസാധുവാകുമെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ചട്ടം.
30 ദിവസം പിന്നിട്ട സാഹചര്യത്തില്‍ പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്യാത്ത വിവരം തലശേരി നഗരസഭ സെക്രട്ടറി കണ്ണൂര്‍ ജില്ലാ കളക്ടറെ അറിയിച്ചു. ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കമ്മീഷന് ഹിയറിംഗ് നടത്തി തീരുമാനമെടുക്കുക.
നിഷാദിന്റെ കാര്യത്തില്‍ നേരത്തെ തന്നെ കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നിഷാദിന്റെ പത്രിക സ്വീകരിച്ചതില്‍ തന്നെ നിയമപ്രശ്നങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തിലും കമ്മീഷന് വൈകാതെ ഹിയറിംഗ് നടത്തും.
മതിയായ കാരണം ബോധിപ്പിക്കാന്‍ ഇരുവരുടെയും അഭിഭാഷകരാകും തെരഞ്ഞെടുപ്പു കമ്മീഷന് മുൻപാകെ ഹാജരാകുക. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ എ. ഷാജഹാനാണ് തെരഞ്ഞെടുപ്പു കോടതിയുടെയും ചുമതല.
Kerala
തിരുവനന്തപുരം: വിദേശത്തു ജനിച്ച മലയാളികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സംവിധാനമൊരുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള ഫോം 6 എയിലും ഓണ്‍ലൈൻ പോർട്ടലിലും വിദേശത്തു ജനിച്ചവർക്ക് പേരു ചേർക്കാൻ അവസരം ഒരുക്കണമെന്ന നിരന്തര ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ചെവിക്കൊള്ളാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച പ്രവാസി സംഘടനകളുടെ യോഗത്തിലെ പ്രധാന ആവശ്യമായിരുന്നു വിദേശത്തു ജനിച്ചവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിയുന്നില്ലെന്ന പ്രശ്നം. ലക്ഷത്തിലേറെ പേർ ഇത്തരത്തിൽ പല വിദേശരാജ്യങ്ങളിലായുണ്ട്.
1955ലെ പൗരത്വ നിയമത്തിന്റെ സെക്ഷൻ നാല് പ്രകാരം മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ വിദേശത്തു ജനിച്ച കുട്ടികൾ പിന്തുടർച്ചാവകാശം വഴി ഇന്ത്യൻ പൗരനാകും. എന്നാൽ, പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള ഫോം 6 എയിലെ എഫ് കോളത്തിൽ ഇന്ത്യൻ സ്ഥലങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശത്തെ ജനിച്ച സ്ഥലം രേഖപ്പെടുത്താൻ കോളത്തിൽ മാറ്റം വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നിരന്തര ആവശ്യം ഉയർന്നിരുന്നു.
ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് യോഗത്തിൽ പലതവണ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ ഉറപ്പു കൊടുത്തെങ്കിലും ഇതു പാലിക്കപ്പെട്ടിട്ടില്ല. കരട് വോട്ടർ പട്ടികയിൽ തിരുത്തൽ വരുത്താനുള്ള സമയപരിധി കഴിയാൻ ആഴ്ചകൾ മാത്രം അവശേഷിച്ചിട്ടും ഓണ്‍ലൈൻ ഫോമിൽ അടക്കം തെരഞ്ഞെടുപ്പു കമ്മീഷൻ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി വിളിച്ച യോഗത്തിലും ഇതുസംബന്ധിച്ച പരാതികൾക്ക് സിഇഒ ഉറപ്പ് ആവർത്തിക്കുകമാത്രമായിരുന്നു.
പ്രവാസികൾക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകാമെന്ന ഉറപ്പാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ നൽകിയത്. എന്നാൽ, വിദേശത്ത് ജനിച്ചവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഓണ്‍ലൈൻ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നായിരുന്നു പ്രവാസി സംഘടനകളുടെ പ്രധാന ആവശ്യം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപനം നടത്തുന്നതിനുള്ള ആലോചനാ നടപടികളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനു മുന്നോടിയായി അടുത്തമാസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറും കമ്മീഷണർമാരും കേരളത്തിലെത്തും.
സംസ്ഥാനത്ത് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചർച്ചകൾ പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്ര സേനകളുടെയും ഇതര സംസ്ഥാന പോലീസിന്റെയും സേവനം ലഭ്യമാക്കാനുള്ള പ്രവർത്തന ചർച്ചകളും പുരോഗമിക്കുകയാണ്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്നത്. മാർച്ച് ആദ്യവാരത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
പരമാവധി വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും എസ്ഐആർ പ്രവർത്തനങ്ങൾ ലക്ഷ്യാപ്രാപ്തിയിലെത്തിക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി കഴിഞ്ഞു. 2026 ജനുവരി ഒന്നിന് പതിനെട്ട് വയസ് പൂർത്തിയായ മുഴുവൻ വോട്ടർമാർക്കും വോട്ടവകാശം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.
എസ്ഐആറിന്റെ ഭാഗമായി വോട്ടുകൾ നഷ്ടമാകാതിരിക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി നേതൃത്വവും അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. എസ്ഐആറിന്റെ ഭാഗമായി ആരുടെയും വോട്ടുകൾ നഷ്ടമാകാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് സർക്കാരും നിർദേശം നൽകിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രത്യേക ക്യാന്പുകളും ഹിയറിംഗുകളും ദ്രുതഗതിയിൽ നടത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഇത്തവണ കൂടുതൽ കമ്പനി കേന്ദ്രസേനയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുതൽ പോലീസ് ഫോഴ്സിനെയും സുരക്ഷയ്ക്കായി നിയോഗിക്കും. 200 കമ്പനിയിൽപ്പരം കേന്ദ്രസേന കേരളത്തിൽ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് എത്തിയേക്കും.
അതേസമയം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി മുഖ്യധാര രാഷ്ട്രീയപാർട്ടികളും കളത്തിൽ ഇടം പിടിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയ ചർച്ചകൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത് എടുക്കുന്ന തീരുമാനങ്ങൾ താഴേത്തട്ടിൽ നടപ്പാക്കുന്നില്ലെന്നു വ്യാപക പരാതിയുമായി രാഷ്ട്രീയ പാർട്ടികൾ.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ഫോം ആറ് ബൂത്ത് ലെവൽ ഏജന്റുമാർക്ക് ദിവസം 10 എണ്ണം വീതം നൽകുമെന്ന സിഇയുടെ നിർദേശം താഴേത്തട്ടിൽ നടപ്പാക്കുന്നില്ല. ഇതിനാൽ ജനങ്ങൾ 100 രൂപ വീതം നൽകി ഓണ്‍ലൈനായി വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട സാഹചര്യമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ വിമർശനമുയർന്നു.
ഫോം 6 വഴി ഓണ്‍ലൈനായി പേരു ചേർക്കുന്പോൾ ആധാർ നന്പർ ചോദിക്കുന്നുണ്ടെന്നും ഇതു ചെയ്യാത്തവർക്ക് ഇ സൈൻ ചെയ്യാൻ കഴിയാതെ ഫോം പൂരിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു കോണ്‍ഗ്രസിലെ എം.കെ. റഹ്മാൻ ആശങ്ക അറിയിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇതുവരെ കാര്യമായ ശ്രമമുണ്ടായിട്ടില്ലെന്ന് മുസ്ലിം ലീഗ് പ്രതിനിധി മുഹമ്മദ് ഷാ ആരോപണം ഉന്നയിച്ചു. വിദേശത്തു ജനിച്ച ഇന്ത്യക്കാർക്ക് ഫോം 6എ അനുസരിച്ച് ഓണ്‍ലൈനിൽ അപ്ലോഡ് ചെയ്യുന്പോൾ ജനനവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കിൽ പെട്ട് പേരു ചേർക്കാനാകാത്ത സ്ഥിതിയാണ്.
ഇതിൽ വൈകാതെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഇഒ ഡോ. രത്തൻ കേൽക്കർ മറുപടി നൽകി. സംസ്ഥാന തലത്തിൽ നൽകുന്ന നിർദേശങ്ങൾ ഹിയറിംഗിൽ ഇആർഒമാരും ബിഎൽഒമാരും നടപ്പാക്കിയില്ലെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരുമെന്നും മുഹമ്മദ് ഷാ പറഞ്ഞു.
രേഖകൾ ഹാജാരാക്കുന്നവരെ വീണ്ടും ഹിയറിംഗിന് വിളിക്കാനുള്ള ഇആർഒമാരുടെ തീരുമാനം പുനഃപരിശോധിക്കാൻ നിർദേശിക്കണമെന്നും മുകൾത്തട്ടിലെ നിർദേശങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നില്ലെന്നും സിപിഎമ്മിലെ ഡി.കെ. മുരളി എംഎൽഎ ആവശ്യപ്പെട്ടു.
പുതുതായി രൂപീകരിച്ച 5003 ബൂത്തുകളിലെ ബിഎൽഒമാർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടില്ലെന്നും ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും സിപിഎമ്മിലെ സി. ലെനിൻ ആവശ്യമുന്നയിച്ചു. ബിഎൽഎമാർക്ക് പ്രതിദിനം 10 ഫോമുകൾ വീതം നൽകാനുള്ള നിർദേശം നടപ്പാക്കണമെന്ന് ബിജെപി പ്രതിനിധി ജെ.ആർ. പത്മകുമാറും ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും യോഗം വിളിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനാണ് കളക്ടർമാരുടെയും എസ്പിമാരുടെയും പോലീസ് ആസ്ഥാനത്തെ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസറുടെ ചുമതലയുള്ള എഡിജിപിയുടെയും ഓണ്‍ലൈൻ യോഗം വിളിച്ചിട്ടുള്ളത്.
ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാർശ നൽകുന്നത്.
സംസ്ഥാനത്തെ പൊതുവിലയിരുത്തൽ, ഉദ്യോഗസ്ഥരെ ലഭ്യമാക്കാനുള്ള സാഹചര്യം, സർവകലാശാലാ പരീക്ഷകൾ, പൊതു അവധികൾ, ക്രമസമാധാന പ്രശ്നം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് എത്ര ഘട്ടമായി നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശിപാർശ ചെയ്യുന്നത്.
സാധാരണയായി വിഷു, പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ, തൃശൂർ പൂരം തുടങ്ങിയ ആഘോഷങ്ങളുടെ തീയതികൾകൂടി കണക്കിലെടുത്ത് ഇതുകൂടി ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ് തീയതിയാകും ശിപാർശ ചെയ്യുക.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് സംസ്ഥാനത്തു നടത്തിയത്. ഏതാണ്ട് ഒരു മാസത്തിനു ശേഷം മേയ് രണ്ടിനായിരുന്നു വോട്ടെണ്ണൽ.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകളുടെ പരിശോധനയ്ക്കായി സാങ്കേതിക വിദഗ്ധരും നിരീക്ഷകരും അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എത്തുന്നുണ്ട്. വോട്ടിംഗ് മെഷിനുകളുടെ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇവിഎമ്മുകളുടെ പരിശോധനയ്ക്കെത്തുന്ന വിദഗ്ധർക്കുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംസ്ഥാനത്ത് പൂർത്തിയാക്കി. മാർച്ച് രണ്ടാംവാരത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Kerala
തിരുവനന്തപുരം: കുടുംബാംഗങ്ങളെയെല്ലാം പട്ടികയിൽ അടുത്തടുത്ത സീരിയൽ നന്പരുകളിലാക്കി വോട്ടർപട്ടിക പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.
അച്ഛൻ, അമ്മ, മക്കൾ തുടങ്ങിയ വീട്ടിലുള്ളവർ കരട് വോട്ടർപട്ടികയിൽ പലയിടത്തും പല ബൂത്തുകളിലുമാണെന്നും ഇവരെ പട്ടികയിൽ ഏകോപിപ്പിക്കാൻ നടപടി വേണമെന്നുമുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് ഇക്കാര്യം പരിഗണിക്കാമെന്ന് സിഇഒ ഉറപ്പുനൽകിയത്.
എസ്ഐആറിന്റെ ഭാഗമായി ഹിയറിംഗ് നടത്തുന്പോൾ കൃത്യമായ രേഖകളുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ഇആർഒമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. തെളിയിക്കാൻ ആവശ്യമായ രേഖകൾ വേണ്ടവർക്ക് വിവിധ വകുപ്പുകൾ ഇതു നൽകാൻ തയാറാകണം. ഹിയറിംഗിന് നോട്ടീസ് കൊടുക്കുന്നവരുടെ പട്ടിക ഇആർഒമാർ പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളെ അറിയിക്കണം.
പ്രവാസി സംഘടനകളുടെ യോഗം ജനുവരി ഒൻപതിനു വൈകുന്നേരം ആറിന് ഓൺലൈനായി വിളിച്ചുചേർക്കാമെന്ന് നോർക്ക അറിയിച്ചതായി സിഇഒ അറിയിച്ചു. പ്രവാസി വോട്ടർമാരുടെ പ്രശ്നങ്ങൾക്ക് യോഗത്തിൽ പരിഹാരം നിർദേശിക്കും. കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ (എഎസ്ഡി ലിസ്റ്റ്) ഉൾപ്പെട്ടവർ വീണ്ടും പുതിയ വോട്ടറായി അപേക്ഷിച്ചാൽ ഇവർക്ക് ഹിയറിംഗ് ആവശ്യമില്ല.
കിടപ്പുരോഗികളെയും ആശുപത്രിയിൽ കഴിയുന്നവരെയും ഓണ്‍ലൈനായി ഹിയറിംഗ് നടത്താൻ ഇആർഒമാർക്ക് വിവേചനാധികാരം ഉപയോഗിക്കാവുന്നതാണ്.
ഒരു അസംബ്ലി മണ്ഡലത്തിൽ ഒരു ഇആർഒയും ഏഴു വീതം അസിസ്റ്റന്റ് ഇആർഒമാരുമുണ്ടാകും. ഹിയറിംഗിനായി സംസ്ഥാന വ്യാപകമായി 950 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളതെന്നും സിഇഒ അറിയിച്ചു.
ഫ്ളാറ്റുകളും വീടുകളും വാടകയ്ക്കെടുത്ത് 30-35 പേരെ വീതം വോട്ട് ചേർക്കൽ നടത്തുന്നുണ്ടെന്നു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരോപണം ഉന്നയിച്ചു. വോട്ടെടുപ്പ് കഴിയുന്പോൾ ഇവർ അപ്രത്യക്ഷരാകുന്നു. കള്ളവോട്ട് ചേർക്കുന്നവർക്കെതിരേ ശിക്ഷാനടപടികൾ വിശദീകരിച്ചു പരസ്യം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്ന ആവശ്യവുമുയർന്നു. രാഷ്ട്രീയ പാർട്ടികൾക്ക് ജില്ലാ തലത്തിലും നിയോജക മണ്ഡലം തലത്തിലും ബൂത്തു തലത്തിലും ബിഎൽഎമാരെ നൽകണമെന്ന നിർദേശവും സിഇഒ അംഗീകരിച്ചു.
വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ബിഎൽഎമാർക്ക് പ്രതിദിനം 10 പേരുടെ അപേക്ഷ വീതം നൽകാനാകും. ഓണ്‍ലൈനായും അപേക്ഷ സമർപ്പിക്കാം. യുവാക്കളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും സിഇഒ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തദ്ദേശ സ്ഥാപന അംഗങ്ങളെ അസാധുവാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇല്ല. നിയമപരമായി ഇതിൽ ഇടപെടാൻ മുൻസിപ്പൽ- പഞ്ചായത്ത് രാജ് ആക്ടിൽ വ്യവസ്ഥയില്ലെന്നാണ് കമ്മീഷൻ നിലപാട്.
ദൈവനാമത്തിന് നിയമപരമായ വ്യാഖ്യാനം നൽകാൻ പരാതിക്കാർ കോടതിയിൽ പോകട്ടെ എന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട്. തിരുവനന്തപുരം കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളെ മാറ്റിനിർത്തിയ ശേഷം ബാക്കി വോട്ട് എണ്ണിയാൽ മതിയെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇതോടെയാണ് വരണാധികാരിയായ ജില്ലാ കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശം തേടിയത്.
എന്നാൽ, ഇടപെടേണ്ടതില്ലെന്നും നിയമപരമായ തർക്കമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ എന്ന കളക്ടർ സ്വീകരിച്ചതും കമ്മീഷൻ നിർദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ്.
തിരുവനന്തപുരത്തുനിന്നു മാത്രമല്ല, മറ്റുപല ജില്ലകളിൽ നിന്നും ദൈവനാമത്തിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട പരാതികൾ കളക്ടർമാർ ഉന്നയിക്കുന്നുണ്ട്. ഇവരെല്ലാം കോടതിയിൽ പോയാൽ തെരഞ്ഞെടുപ്പു സത്യപ്രതിജ്ഞാ കേസുകൾ പെരുകും.
തെരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയോ ദൃഢപ്രതിജ്ഞ എടുക്കുകയോ ചെയ്യാമെന്നാണ് ആക്ടിൽ നിർദേശിക്കുന്നത്. ഇതിൽ ഏതൊക്കെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാമെന്നു വിശദീകരണമില്ല.
നേരത്തേയുള്ള ചില കോടതിവിധികൾ മാത്രമാണ് കമ്മീഷനു മുന്നിലുള്ളത്. ഇതിൽ യേശുക്രിസ്തുവിന്റെയും അള്ളാഹുവിന്റെയും പേരിൽ സത്യപ്രതിജ്ഞ ആകാമെന്ന വിധികളുണ്ട്. എന്നാൽ, ഭാരതാംബയുടെയും ശ്രീനാരായണ ഗുരുവിന്റെയും പേരിൽ സത്യപ്രതിജ്ഞ പാടില്ലെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ശ്രീപത്മനാഭസ്വാമി, ശബരിമല ശ്രീ അയ്യപ്പൻ, ആറ്റുകാൽ ഭഗവതി, ശ്രീകണ്ഠേശ്വരൻ തുടങ്ങിയ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തവരുണ്ട്. ഇതിൽ ഏതൊക്കെ ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അംഗീകരിക്കാം എന്ന കാര്യത്തിലാണ് കോടതിയിലേക്ക് പോകേണ്ടവർക്കു പോകാം എന്ന നിലപാടിലേക്കു മാറുന്നത്. എന്നാൽ, ഇവർ എഴുതി ഒപ്പിട്ടു നൽകുന്ന സത്യവാങ്മൂലത്തിൽ ദൈവനാമത്തിൽ എന്നു മാത്രമാണുള്ളത്. ഇത് ചട്ടലംഘനമല്ല.
സത്യപ്രതിജ്ഞ ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി ഹാജരാക്കേണ്ടിവരും. തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോ ദൃശ്യം എടുക്കാൻ കമ്മീഷൻ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടില്ല.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള കരട് വോട്ടർപട്ടിക പുറത്തുവന്നതിനു പിന്നാലെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷാപ്രവാഹം. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇതുവരെ നാലു ലക്ഷത്തോളം പേർ അപേക്ഷ നൽകിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.
എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകൽ പൂർത്തീകരിച്ച ശേഷം ഏതാണ്ട് 3.59 ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകി. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ മാത്രം 30,000ത്തോളം പേർ അപേക്ഷ സമർപ്പിച്ചു.
എസ്ഐആർ നടപടിക്രമങ്ങളുടെ ഭാഗമായി 24.08 ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. മരിച്ചവർ, ഇരട്ട വോട്ടുള്ളവർ, കാണാതായവർ, സ്ഥലംമാറിപ്പോയവർ തുടങ്ങിയവർ അടക്കമാണ് പട്ടികയിൽനിന്നു പുറത്തായത്.
ഇതോടെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സജീവമായി. ഇവർ മിക്ക ബൂത്തുകളിലേക്കും ബിഎൽഎമാരെ നിർദേശിക്കുകയും സജീവമാക്കുകയും ചെയ്തു. തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് ബിഎൽഎമാരുടെ സഹകരണം കാര്യമായുണ്ടായിരുന്നില്ലെന്ന പരാതി ബിഎൽഒമാർ ഉന്നയിച്ചിരുന്നു.
എന്നാൽ കരട് പട്ടിക വന്നശേഷം വോട്ടർപട്ടികയിൽ പേരുചേർക്കാനും പരാതികൾ ഉന്നയിക്കാനും രാഷ്ട്രീയപ്പാർട്ടികൾ കൂടുതൽ ബിഎൽഎമാരെ നിയോഗിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കണക്കനുസരിച്ച് ആകെയുള്ള 60,061 ബിഎൽഎമാരിൽ 21,346 പേരും സിപിഎമ്മിന്റേതാണ്.
കോണ്‍ഗ്രസിന് 20,278, ബിജെപിക്ക് 7,249 പേരും.കരട് പട്ടിക വരുന്നതിനു മുന്‍പ് പുതുതായി വോട്ടുചേർക്കാൻ ഫോറം ആറിൽ 3,59,968 പേരാണ് അപേക്ഷിച്ചത്. പ്രവാസി വോട്ടർമാർക്കുള്ള ഫോറം ആറ് എയിൽ 30,202 പേരും അപേക്ഷിച്ചു. പേരുനീക്കാൻ 2,419 പേരും. എന്നാൽ എഎസ്ഡി പട്ടികയിൽ ഉൾപ്പെട്ട അപേക്ഷകരുടെ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ല.
National
ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായുള്ള ആദ്യ കരട് പട്ടികയിൽ 42.74 ലക്ഷം വോട്ടർമാർ പുറത്ത്. ആകെ 5,74,06,143 വോട്ടർമാരിൽ 5,31,31,983 പേരാണ് എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയതെന്ന് മധ്യപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജീവ് കുമാർ ഝാ അറിയിച്ചു.
42,74,160 വോട്ടർമാരാണ് ഫോം പൂരിപ്പിച്ച് നൽകാത്തത്. ഇതിൽ 8.46 ലക്ഷം വോട്ടർമാർ മരണമടഞ്ഞതാണ്. 31.51 ലക്ഷം വോട്ടർമാരാകട്ടെ താമസം മാറിയവരാണ്. 2.77 ലക്ഷം വോട്ടർമാർക്ക് രണ്ടിടത്ത് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള കരട് വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന്റെ ഭാഗമായി ഒഴിവാക്കിയ 24.08 ലക്ഷം പേരെ കഴിച്ചുള്ള പട്ടികയാണ് നാളെ പ്രസിദ്ധീകരിക്കുക.
എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് വോട്ടർ പട്ടികയിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറയുന്നു. അതേസമയം, ക്രിസ്മസ് അവധിക്കു നാട്ടിൽ തിരിച്ചെത്തുന്നവർക്കുകൂടി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയപാർട്ടികളുടെ ആവശ്യം. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിനു പുറത്തുള്ളത് ലക്ഷങ്ങളാണ്.
അവധിക്കെത്തുന്ന ഇവരിൽ നല്ലൊരു ശതമാനവും "കണ്ടെത്താൻ സാധിക്കാത്ത'വർകൂടി ഉൾപ്പെട്ട എഎസ്ഡി പട്ടികയിലാണ്. ഇവരെക്കൂടി വോട്ടർപട്ടികയിൽ ചേർക്കാൻ എസ്ഐആറിന്റെ സമയം നീട്ടണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് സർക്കാരിന്റെയും പാർട്ടികളുടെയും ആവശ്യം.
മരണമടഞ്ഞ 6,49,885 പേരുൾപ്പെടെ 24.08 ലക്ഷം പേരാണ് നിലവിൽ എഎസ്ഡി പട്ടികയിലുള്ളത്. ഇതിൽ, കണ്ടെത്താൻ സാധിക്കാത്തവർ 6,45,548 പേരാണ്. കണ്ടെത്താൻ കഴിയാത്തവരെന്ന് കമ്മീഷൻ പറയുന്ന പലരും നാട്ടിൽത്തന്നെയുണ്ടെന്നാണ് രാഷ്ട്രീയ പാർട്ടികൾ പറയുന്നത്.
ഇവർക്ക് പേരുചേർക്കണമെങ്കിൽ പുതിയ വോട്ടറായി അപേക്ഷിക്കണം. ഇവരുടെയും എഎസ്ഡി പട്ടികയിൽ അല്ലാത്ത പുതിയ വോട്ടർമാരുടെയും ഹിയറിംഗിന് ഇപ്പോൾ നൽകുന്ന സമയം തികയില്ല. ഈ സാഹചര്യത്തിൽ എസ്ഐആർ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് സർക്കാരിന്.
രണ്ടുതവണയായി രണ്ടാഴ്ച കേരളത്തിലെ എസ്ഐആർ നീട്ടിയിരുന്നു. 24.08 ലക്ഷം പേർ പട്ടികയിൽനിന്നു പുറത്താകുമെന്നതിനാൽ കേരളത്തിലടക്കം സമയം നീട്ടുന്നത് പരിഗണിക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തീരുമാനമായിട്ടില്ല.
എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയിട്ടില്ലാത്തവർക്ക് ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോം ആറിൽ അപേക്ഷിക്കാം. സത്യവാങ്മൂലവും നൽകണം. പുതുതായി പേരുചേർക്കാൻ ഫോം ആറിലും പ്രവാസികൾ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്
കരട് പട്ടികയിലുള്ളയാളുടെ പേര് ഹിയറിംഗിനുശേഷം ഒഴിവാക്കിയാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർക്ക് അപ്പീൽ നൽകാം. ഇതിലും പരാതിയുണ്ടെങ്കിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.
National
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) തീയതി നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി. സമയപരിധി നീട്ടണമെന്ന കേരളത്തിന്റെ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നിവേദനങ്ങളിൽ അനുഭാവപൂർവമായ തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകുകയും ചെയ്തു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടലിനെ ത്തുടർന്ന് എസ്ഐആർ നടപടികൾ കേരളത്തിൽ രണ്ടാഴ്ച നീട്ടിയിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന് നടക്കും. ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ ഡിസംബർ 21ന് രാവിലെ 10നും കോർപറേഷനുകളിൽ 11.30നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക.
തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മുൻപാകെയാണ് പ്രതിജ്ഞയെടുക്കേണ്ടത്. കോർപറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകളക്ടർമാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് രാവിലെ എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റ് എണ്ണിയാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.
14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1,129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണുന്നത്. 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം എത്തി തുടങ്ങും. തുടർന്ന് നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങൾ 9.30ന് ശേഷമേ പ്രഖ്യാപിക്കൂ.
രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020ല്‍ 75.95 ശതമാനമായിരുന്നു പോളിംഗ് ശതമാനം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിച്ച സാമഗ്രികൾ ഉടൻ നീക്കം ചെയ്യാൻ സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ നിർദേശിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം പാലിക്കാൻ ശ്രദ്ധിക്കണം. റോഡിലും പൊതുസ്ഥലങ്ങളിലുമുള്ള പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും മുൻകൈയെടുക്കണം.
നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ അവ നീക്കം ചെയ്യുകയും ചെലവ് അതതുസ്ഥാനാർഥികളിൽ നിന്ന് ഈടാക്കും. അവരുടെ തെരഞ്ഞെടുപ്പു ചെലവിൽ ഇതു ഉൾപ്പെടുത്തുകയും ചെയ്യും.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന വോട്ടെണ്ണൽ നടക്കുന്ന നാളെ സംസ്ഥാനത്തെ എല്ലാ സർക്കാർ ട്രഷറികളും തുറന്നു പ്രവർത്തിക്കാൻ ട്രഷറി ഡയറക്ടർക്കു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
ഫലപ്രഖ്യാപന നടപടി പൂർത്തിയാക്കിയ ശേഷം സുരക്ഷിതമായി വയ്ക്കേണ്ട തെരഞ്ഞെടുപ്പ് രേഖകൾ സർക്കാർ ട്രഷറികളുടെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കുന്നതിനാണിത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഏഴ് പതിറ്റാണ്ടായി കേരളത്തെ മാറിമാറി ഭരിച്ച് ജനങ്ങളെ ദുരിതത്തിൽ ആക്കിയ ഇടത് വലത് മുന്നണികൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലം. വികസന രാഷ്ട്രീയം മുന്നോട്ടുവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട പാർട്ടിയാണ് ബിജെപിയെന്നും അദേഹം വ്യക്തമാക്കി.
വികസന രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എൻഡിഎ അധികാരത്തിലെത്തിയാൽ അധികാരമേറ്റ് 45 ദിവസത്തിനുള്ളിൽ അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള വികസന രൂപരേഖ പുറത്തിറക്കും. അഴിമതിരഹിതവും സുതാര്യവുമായ ഡിജിറ്റൽ ഭരണം ഉറപ്പാക്കുമെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: തളിക്കുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തി. മൂന്നാം വാർഡിലെ ബൂത്ത് നമ്പർ രണ്ടിലാണ് കള്ളവോട്ട് നടന്നത്. അറക്കവീട്ടിൽ മൊഹ്സിനയുടെ വോട്ടാണ് മറ്റൊരാൾ ചെയ്തതായി കണ്ടെത്തിയത്.
മൊഹ്സിന രാവിലെ 8.30ഓടെ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് കള്ളവോട്ട് നടന്നതായി തിരിച്ചറിഞ്ഞത്. തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് കുറ്റകരമായ വീഴ്ചയാണുണ്ടായത്.
ഇതേ തുടർന്നുണ്ടായ അനശ്ചിതത്വത്തിനൊടുവിൽ യഥാർഥ വോട്ടർക്ക് ബാലറ്റ് പേപ്പർ നൽകി ടെൺഡേർഡ് വോട്ട് ചെയ്ത് പ്രത്യേകം കവറിലാക്കി സൂക്ഷിച്ചിട്ടുണ്ട്. കൂടുതൽ വോട്ട് ലഭിക്കുന്ന രണ്ട് സ്ഥാനാർഥികൾക്ക് തുല്യ വോട്ടാണെങ്കിൽ മാത്രമാണ് കവറിലാക്കി സൂക്ഷിച്ച വോട്ട് എണ്ണുക.
National
ന്യൂഡൽഹി: ഒരു കേന്ദ്രഭരണ പ്രദേശത്തും അഞ്ച് സംസ്ഥാനങ്ങളിലും എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടിനൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ആറിടങ്ങളിൽ തീയതി നീട്ടിനൽകിയത്.
എന്നാൽ തീയതി നീട്ടിനൽകണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പശ്ചിമബംഗാളിൽ കാലാവധി ഇന്ന് രാത്രി അവസാനിക്കും. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തമിഴ്നാട്, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലാണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സമയപരിധി നീട്ടിനൽകിയത്. യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയിട്ടുണ്ട്.
മധ്യപ്രദേശ് ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഒരാഴ്ചയാണ് നീട്ടിനൽകിയത്. തമിഴ്നാട്ടിലും ഗുജറാത്തിലും മൂന്ന് ദിവസം കൂടിയും സമയം അനുവദിച്ചു.
Kerala
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി. വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ 75.85 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറു മണിയോടെ അവസാനിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലായാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു.
വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ(77.34 ശതമാനം) പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂർ (71.88 ശതമാനം) ആണ് പോളിംഗിൽ ഏറ്റവും പിന്നിൽ. പാലക്കാട് 75.6 ശതമാനം, മലപ്പുറം 76.85 ശതമാനം, കോഴിക്കോട് 76.47 ശതമാനം, കണ്ണൂർ 75.73 ശതമാനം, കാസർഗോഡ് 74.03 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിംഗ്.
ഇതോടെ സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായി. ഡിസംബർ 13ന് ആണ് ഫലപ്രഖ്യാപനം.
Kerala
തൃശൂര്‍: വടക്കാഞ്ചേരി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി. വടക്കാഞ്ചേരി നഗരസഭയിലെ 20ാം ഡിവിഷനിലാണ് സംഭവം. മങ്കര തരു പീടികയിൽ അൻവർ(42) ആണ് പിടിയിലായത്. പ്രിസൈഡിങ്ങ് ഓഫീസറുടെ പരാതിയിൽ ഇയാളെ പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
മങ്കര സ്വദേശിയായ അൻവറിന് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ വോട്ട് ചെയ്ത അൻവര്‍ വീണ്ടും ഇന്ന് വോട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ കൈയിലെ മഷിയടയാളം കണ്ടതോടെയാണ് കള്ളവോട്ട് ചെയ്യാനുള്ള ശ്രമം പാളിയത്.
Kerala
പാലക്കാട്: പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ട് ചെയ്യാനെത്തി. 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുൽ വോട്ടുചെയ്യാനെത്തിയത്. പാലക്കാട് കുന്നത്തൂർമേട് സ്കൂളിലെ രണ്ടാംനമ്പർ ബൂത്തിൽ രാഹുൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തി വോട്ട് ചെയ്തു.
സത്യം ജയിക്കും. എല്ലാം കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. രാഹുലിനെതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎൽഎ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
രണ്ടാം പീഡനക്കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതേ തുടർന്നാണ് രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
വൈകുന്നേരം 4.47ഓടെയാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. രാഹുൽ ബൂത്തിലെത്തിയതിന് പിന്നാലെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Kerala
മലപ്പുറം: മലബാറിൽ പോളിംഗ് ഊർജിതമായിരിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണ് തദ്ദേശ തെരഞ്ഞെടുപ്പിലുള്ളതെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നല്ല ആവേശമുണ്ട്. പത്ത് വർഷമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കുമെന്നും അദേഹം വ്യക്തമാക്കി.
കോർപറേഷനുകളിൽ യുഡിഎഫ് തിരിച്ചുവരുമെന്നും ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് ഏഴ് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് അവധി.
സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉൾപ്പെടെയാണ് അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.
National
ന്യൂഡൽഹി: എന്തു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടാതിരിക്കാൻ പരിരക്ഷ നൽകിയതിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ ആജീവനാന്ത വാഷിംഗ് മെഷീനാക്കി ബിജെപി സർക്കാർ മാറ്റിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
വോട്ടവകാശം സർക്കാരിന്റെ കാരുണ്യമല്ലെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭമാണെന്നും ലോക്സഭയിൽ അദ്ദേഹം ഓർമിപ്പിച്ചു. എസ്ഐആർ അടക്കം തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ, ഇഡി, ആദായനികുതി വകുപ്പ് എന്നിവയ്ക്കു പുറമെ തെരഞ്ഞെടുപ്പു കമ്മീഷനെക്കൂടി ദുരുപയോഗിച്ച് വോട്ടുകൊള്ള നടത്തി സ്ഥിരമായി ഭരണത്തിൽ തുടരാമെന്ന ബിജെപിയുടെ വ്യാമോഹം ഇന്ത്യൻ ജനത തകർത്തെറിയുമെന്ന് വേണുഗോപാൽ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിനു മുന്‍പായി പ്രതിപക്ഷ നേതാക്കൾക്കെതിരേ മാത്രമാണു റെയ്ഡും അറസ്റ്റും നോട്ടീസുകളും നൽകുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ പോലും കഴിയാത്ത നിലയാണെന്നു വേണുഗോപാൽ പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള അന്പയർ ആകേണ്ട തെരഞ്ഞെടുപ്പു കമ്മീഷൻ കേന്ദ്രം ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളുന്ന പാവയായി. തെരഞ്ഞെടുപ്പു കമ്മീഷനെ വരുതിയിലാക്കാൻ കേന്ദ്രസർക്കാർ നിരവധി നടപടികളെടുത്തു. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്തു.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നടപടികൾ രാജ്യത്തെ ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ലെന്ന പ്രത്യേക നിയമപരിരക്ഷ നൽകിയതും ദുഷ്ടലാക്കോടെയാണ്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള പോളിംഗ് ബൂത്തുകളിലെ തെളിവുകൾ നശിപ്പിക്കാൻ ചട്ടം ഭേദഗതി ചെയ്തതിനു പിന്നിലെ ലക്ഷ്യവും നല്ലതല്ല.
നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് അന്പയറെന്ന ആശയം പരസ്യമായി തകർക്കപ്പെട്ടു. തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വാതന്ത്ര്യം ആസൂത്രിതമായി നശിപ്പിച്ചു. കമ്മീഷന്റെ വിശ്വാസ്യതയും രാഷ്ട്രീയസമ്മർദത്തിൽ തകർന്നു. കമ്മീഷൻ പക്ഷപാതപരമായി മാറിയിരിക്കുന്നു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്ക് സുപ്രീംകോടതി നിഷ്പക്ഷ അന്പയറെ ആഗ്രഹിച്ചു. അനൂപ് ബരൻവാൾ കേസിൽ ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 2023ലെ വിധി മറികടക്കാൻ പ്രത്യേക നിയമം കൊണ്ടുവന്നു. സമിതിയിൽ സ്വതന്ത്രനായ ചീഫ് ജസ്റ്റീസ് ഉണ്ടാകുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ ഭയം വ്യക്തമാണെന്നും വേണുഗോപാൽ പരിഹസിച്ചു.
കേരളത്തിലെ എസ്ഐആർ മാറ്റിവയ്ക്കണമെന്ന് ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറും ആവശ്യപ്പെട്ടു. നിയമസഭ ഇതിനായി പ്രത്യേക പ്രമേയം പാസാക്കി കേന്ദ്രത്തിനയച്ചു.
വോട്ടർമാരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും സ്വന്തം ഓഫീസർമാരുടെയും ആവശ്യം തള്ളിക്കൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ തിരക്കിട്ട് എസ്ഐആർ നടത്തിയത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് വേണുഗോപാൽ ചോദിച്ചു. ബിഹാറിലും കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ആസാമിലുമടക്കം തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായാണ് ചുരുങ്ങിയ ദിവസങ്ങളിൽ ഇപ്പോൾ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തുന്നത്.
ആകെ 56 വോട്ടർമാരുള്ള ഒരു ബൂത്തിൽ 50 വയസിൽ താഴെയുള്ള 50 പേർ മരിച്ചതായി പറഞ്ഞു നീക്കംചെയ്തത് അടക്കം നിരവധി തെറ്റുകൾ എസ്ഐആറിലുണ്ടെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനിൽ രാഷ്ട്രീയ പാർട്ടിയുടെ പോളിംഗ് ഏജന്റായി നിയമിക്കപ്പെടുന്നയാൾ അതേ വാർഡിലെ വോട്ടർ ആയിരിക്കണമെന്നു നിർബന്ധമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Kerala
തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തത്തുടർന്നു മൂന്നിടത്ത് മാറ്റിവച്ച തദ്ദേശതെരഞ്ഞെടുപ്പുകൾ മൂന്നുമാസത്തിനകം നടത്തും. നിലവിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായശേഷം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിന് വിജ്ഞാപനമിറക്കും.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബു, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർഥി ഹസീന എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
എന്നാൽ, മുത്തേടം, പാമ്പാക്കുട പഞ്ചായത്ത് വാർഡുകളിലെ വോട്ടർമാർ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ട് ചെയ്യണം. ഗ്രാമപഞ്ചായത്തിലേക്കു മാത്രമാണ് പിന്നീട് വോട്ട് രേഖപ്പെടുത്തേണ്ടത്. കോർപറേഷനിൽ ഒരു വോട്ട് മാത്രമായതിനാൽ വിഴിഞ്ഞത്ത് തെരഞ്ഞെടുപ്പ് പൂർണമായി മാറ്റി. പാമ്പാക്കുടയിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. മാറ്റിവച്ച സ്ഥലങ്ങളിൽ ഫെബ്രുവരിയിൽ വോട്ടെടുപ്പ് നടക്കാനാണു സാധ്യത.
വോട്ടെടുപ്പിനു തൊട്ടുമുമ്പുവരെ സ്ഥാനാർഥിയുടെ മരണം സംഭവിച്ചാൽ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കും.എന്നാൽ, തെരഞ്ഞെടുപ്പു തുടങ്ങുന്ന ഏഴു മണിക്കുശേഷം സ്ഥാനാർഥി മരിച്ചാൽ വോട്ടെടുപ്പു നടക്കും. മരിച്ച സ്ഥാനാർഥി ജയിച്ചാൽ മാത്രമാകും ഇവിടെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി ഉൾപ്പെടെ മരിച്ചാൽ ഉപതെരഞ്ഞെടുപ്പു നടക്കുമെങ്കിലും നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പ്രധാനമായി മത്സരരംഗത്തുള്ളവർ മരിച്ചാൽ മാത്രമേ വോട്ടെടുപ്പു മാറ്റിവയ്ക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട ചട്ടത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഏതാനും വർഷം മുമ്പു ഭേദഗതി വരുത്തിയിരുന്നു.
Kerala
പൂഞ്ഞാര്‍: വോട്ടിംഗ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരേ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് പി.സി. ജോര്‍ജ്. നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
പി.സി. ജോര്‍ജിന്റെ സ്വന്തം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാർഥിയില്ല. അതിനാല്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റേത് വിവരക്കേടാണെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം, ഇഷ്ടപ്പെട്ട ഒരാൾക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരക്കേട് കാണിക്കുകയാണോ? എനിക്ക് നോട്ടയ്ക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാൽ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാർഥി ഇല്ലെങ്കിൽ ആ പാർട്ടിക്കാരനായ ഞാൻ എവിടെപ്പോയി വോട്ട് ചെയ്യണം.'- പി.സി. ജോർജ് ചോദിച്ചു.
Kerala
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി തീയതി നീട്ടുന്നതിന് സംസ്ഥാന സർക്കാറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും ഇത് അനുഭാവപൂർവം പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
നിലവിലെ സാഹചര്യത്തിൽ കമ്മീഷൻ തീയതികൾ നീട്ടിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോയെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയേക്കും.
Kerala
തിരുവനന്തപുരം: വോട്ടർമാർ വോട്ടിംഗ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. രാവിലെ ഏഴ് മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടെടുപ്പ് ആരംഭിക്കും.
സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയൽ രേഖ കൈവശമുണ്ടായിരിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്, വോട്ടർ സ്ലിപ്പ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഹാജരാക്കാം.
ഇതുകൂടാതെ ഫോട്ടോ പതിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
പോളിംഗ് ബൂത്തുകളിൽ മോക് പോളിംഗ് അവസാനിച്ചു. വിവിധ ജില്ലകളിൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്കെത്തി തുടങ്ങിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ബൂത്തുകളിൽ മോക് പോളിംഗ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് നടക്കുക. ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. സിദ്ധരാമയ്യക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഉൾപ്പെടെയാണ് നോട്ടീസ്.
വരുണ മണ്ഡലത്തില്‍നിന്നുള്ള വോട്ടർ കെ. ശങ്കര നൽകിയ ഹർജിയിലാണ് നോട്ടീസ്. 2023ൽ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കർണാടക ഹൈക്കോടതി ഹർജി നേരത്തെ തള്ളിയിരുന്നു.
സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ ബസ് യാത്ര തുടങ്ങി കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ കൈക്കൂലി, അഴിമതി വിഭാഗത്തില്‍പ്പെടുന്നതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.
വൈകുന്നേരം ആറുവരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.
വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിംഗ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും.
ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതുവരെ വോട്ടെടുപ്പ് തുടരും.
നോട്ടയും വിവിപാറ്റും ഇല്ല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനിൽ നോട്ട (NOTA) രേഖപ്പെടുത്താൻ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനുമുണ്ടാകില്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ടു പ്രവാസികളുടെ യോഗം വിളിക്കാൻ നോർക്കയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ ആശങ്ക പരിഹരിക്കാൻ പ്രവാസി സംഘടനകളുടെ യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരിട്ടു വിളിക്കും.
പ്രവാസികളിൽ ഭൂരിഭാഗവും യുഡിഎഫിനെ അനുകൂലിക്കുന്നവരായതിനാലാണ് പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ സ്ഥാപനമായ നോർക്ക യോഗം വിളിക്കാൻ തയാറാകാത്തതെന്ന് എസ്ഐആർ സംബന്ധിച്ച് സിഇഒ വിളിച്ച രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ മുസ്ലിം ലീഗ് ആരോപിച്ചു.
പ്രവാസികളുടെ യോഗം ഓണ്‍ലൈനായി വിളിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളുടെ നിരന്തര ആവശ്യമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു സിഇഒ ഡോ. രത്തൻ യു. ഖേൽക്കർ നോർക്കയ്ക്ക് കത്തു നൽകിയിട്ടും നടപടിയുണ്ടായില്ല.
എസ്ഐആർ നടപടിക്കു ശേഷം പുറത്തിറക്കുന്ന വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പൗരത്വ പ്രശ്നമുണ്ടാകുമോ എന്ന ആശങ്കയാണ് പ്രവാസികൾക്കുള്ളത്. വോട്ടർപട്ടികയിൽ 90,030 പ്രവാസികളാണുള്ളത്.
ഇതിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 2670 പേർ മാത്രമാണെന്ന് സിഇഒ യോഗത്തിൽ പറഞ്ഞു.
പ്രവാസികൾക്കുള്ള കോൾ സെന്ററിലെ 1950 എന്ന നന്പരിലേക്ക് ഒരുമാസത്തിനിടെ വിളിച്ചത് 33,661 പേരാണ്. ഇ മെയിൽവഴി ബന്ധപ്പെട്ടത് 2146 പേരും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു നടന്നുവരുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ടു ഒരാഴ്ച കൂടി സമയപരിധി നീട്ടണമെന്നാണ് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ ചീഫ് സെക്രട്ടറി ഡോ.എ. ജയലതിലക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടത്.
സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ, സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തിയപ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഐആർ കാലപരിധി ഒരാഴ്ചകൂടി നീട്ടണമെന്ന് ചീഫ് സെക്രട്ടറി ആവശ്യമുന്നയിച്ചത്. എസ്ആആർ നടപടി നീട്ടണമെന്ന സംസ്ഥാനത്തിന്റെ നിവേദനവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ചീഫ് സെക്രട്ടറി കൈമാറി.
ഇതോടൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറിനെയും കമ്മീഷൻ ഡൽഹിക്കു വിളിപ്പിച്ചിരുന്നു. എസ്ഐആർ എന്യുമറേഷൻ ഫോറം പൂരിപ്പിച്ചു നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ആവശ്യം രത്തൻ ഖേൽക്കറും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പു പ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ ബിഎൽഒമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാരും (ബിഎൽഎ) ചേർന്നുള്ള യോഗങ്ങൾ ഒട്ടുമിക്കയിടത്തും പൂർത്തിയാക്കാൻ കഴിയാത്ത കാര്യവും അദ്ദേഹം കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പു നടന്ന ശേഷം കുറച്ചു ദിവസങ്ങൾകൂടി ലഭിച്ചാൽ ബിഎൽഒ-ബിഎൽഎ മീറ്റിംഗുകൾ ചേർന്ന് കൂടുതൽ പേരെ കണ്ടെത്താൻ നടപടി സ്വീകരിക്കാനാകും.തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേതൃത്വം തിരക്കിലായതിനാൽ കൂടുതൽ സമയം അനുവദിച്ചാൽ പരാതികളില്ലാത്ത വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാകുമെന്നും സിഇഒ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമായതിനാൽ എസ്ഐആർ നടപടികൾ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. ഈ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷനിൽ നിവേദനമായി സമർപ്പിക്കാൻ ഹർജിയുമായെത്തിയ സംസ്ഥാന സർക്കാരിനോടു സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ചീഫ് സെക്രട്ടറിയെയും സിഇഒയെയും ഡൽഹിയിൽ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തിയത്. തുടർന്നാണ് എസ്ഐആർ ഫോറം സ്വീകരിക്കുന്നതിന് ഒരാഴ്ചകൂടി സമയപരിധി ദീർഘിപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുത്തത്. നേരത്തെയും ഒരാഴ്ച സമയപരിധി ദീർഘിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഏഴു ജില്ലകളിലായി ഒൻപതിനു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ വിധിയെഴുതുന്നത് 1.32 കോടി വോട്ടർമാർ. ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകുന്നേരം ആറിനു സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പു നടക്കുന്നത്.
ഈ ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. പരസ്യപ്രചാരണത്തിന്റെ സമാപനമായ കൊട്ടിക്കലാശത്തിനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഒരു സ്ഥലത്ത് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കലാശക്കൊട്ട് നടത്തരുതെന്നാണു പ്രധാന നിർദേശം.
പൊതുജനങ്ങൾക്കു മാർഗ തടസം സൃഷ്ടിക്കാൻ പാടില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒൻപതിന് വൈകുന്നേരം ആറുവരെ പരസ്യ പ്രചാരണമാകാം.
രാവിലെ ഏഴുമുതൽ വൈകുന്നരം ആറു വരെയാണ് വോട്ടെടുപ്പ്. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതെങ്കിലും കണ്ണൂർ ജില്ലയിൽ 14 വാർഡുകളിൽ വോട്ടെടുപ്പില്ല.
14 ഇടത്തും ഇടതു സ്ഥാനാർഥികൾക്ക് എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്.
ഒന്നാംഘട്ടം ഒമ്പതിന്
ആകെ വോട്ടർമാർ-1,32,83,739
പുരുഷന്മാർ-62,51,219
സ്ത്രീകൾ-70,32,444
ട്രാൻസ്ജെൻഡർ-126
പ്രവാസികൾ-456
തദ്ദേശ സ്ഥാപനങ്ങൾ-595
ഗ്രാമപഞ്ചായത്തുകൾ-471
ബ്ലോക്ക് പഞ്ചായത്തുകൾ-75
മുനിസിപ്പാലിറ്റി-39
കോർപറേഷൻ-3
ജില്ലാപഞ്ചായത്ത്-7
ആകെ വാർഡുകൾ-11,168
ഗ്രാമപഞ്ചായത്ത്-8310
ബ്ലോക്ക്-1090
ജില്ലാ പഞ്ചായത്ത്-164
മുനിസിപ്പാലിറ്റി-1371
കോർപറേഷൻ-233
സ്ഥാനാർഥികൾ-36,630
പുരുഷന്മാർ-17,056
സ്ത്രീകൾ-19,573
ട്രാൻസ്ജെൻഡർ-1
രണ്ടാംഘട്ടം 11ന്
ആകെ വോട്ടർമാർ-1,53,78,937
പുരുഷന്മാർ-72,65,710
സ്ത്രീകൾ-81,13,064
ട്രാൻസ്ജെൻഡർ-163
പ്രവാസി-3293
തദ്ദേശ സ്ഥാപനങ്ങൾ-604
ഗ്രാമപഞ്ചായത്ത്-470
ബ്ലോക്ക് പഞ്ചായത്ത്-77
മുനിസിപ്പാലിറ്റി-47
കോർപറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ വാർഡുകൾ-12,408
ഗ്രാമപഞ്ചായത്ത്-9,027
ബ്ലോക്ക് പഞ്ചായത്ത്-1,177
ജില്ലാ പഞ്ചായത്ത്-182
മുനിസിപ്പാലിറ്റി-1834
കോർപറേഷൻ-188.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള പശ്ചാത്തലമാക്കി മുഖ്യമന്ത്രിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെയും ചിത്രങ്ങൾ സഹിതം തയാറാക്കിയ തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററുകൾ പിടിച്ചെടുക്കാൻ കളക്ടർമാർക്ക് നിർദേശം.
സ്ഥാനാർഥികളുടെയോ മുന്നണികളുടേയോ പേരോ മറ്റോ ഇല്ലാത്ത പോസ്റ്ററുകൾ മാതൃക പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയിൽ വരുന്നതിനാൽ അവ സംബന്ധിച്ച പരാതി പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനതല മീഡിയ റിലേഷൻസ് കമ്മിറ്റിയോഗം തീരുമാനിച്ചു.
പ്രതിപക്ഷ നേതാവിന്റെ ചിത്രവും പോസ്റ്ററുകളിലുണ്ടായിരുന്നു.
Kerala
കൽപറ്റ: വയനാട് കൽപറ്റയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടികൂടി. കൽപറ്റ നഗരസഭയിലെ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥി കെ. ചിത്രയുടെ വീട്ടിൽ നിന്നാണ് ഭക്ഷ്യകിറ്റുകൾ കണ്ടെടുത്തത്.
വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് പതിനഞ്ചോളം ഭക്ഷ്യ കിറ്റുകൾ കണ്ടെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിഷനും പോലീസും നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തത്.
ഇതേതുടർന്ന് വോട്ടർമാരെ സ്വാധീനിക്കാനാണ് കിറ്റുകൾ എത്തിച്ചതെന്ന് ആരോപിച്ച് എൽഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വീട്ടിലെ ആവശ്യങ്ങൾക്കായി എത്തിച്ചതാണ് ഭക്ഷ്യ കിറ്റുകളെന്നാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വാദം.
Kerala
തിരുവനന്തപുരം: ചില പ്രത്യേക മത സാമുദായിക വിഭാഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഒരു വിഭാഗം ബിഎൽഒമാരുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്നു സാമൂഹിക മാധ്യമം വഴിയുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.
എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് നൽകിയ എല്ലാവരും കരടു പട്ടികയിലുണ്ടാവുമെന്ന് മുൻപ് പലതവണ താൻ വ്യക്തമാക്കിയിട്ടുള്ളതാണ്. തൃശൂർ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ബിഎൽഒക്കും കൊടുങ്ങല്ലൂർ തഹസിൽദാർക്കുമെതിരെ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശം അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്.
ഈ വാട്സ്ആപ്പ് സന്ദേശം പോലീസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇത്തരം കുപ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണങ്ങളിൽ പരിഭ്രാന്തരാകരുതെന്നും സിഇഒ അഭ്യർഥിച്ചു.
National
ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന എസ്ഐആർ നടപടികളുടെ സമയപരിധി നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി.
സമയപരിധി നീട്ടാൻ ആവശ്യപ്പെടുന്നതിന് കാരണങ്ങൾ വ്യക്തമാക്കി സംസ്ഥാന സർക്കാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് വൈകുന്നേരത്തിനുള്ളിൽ കത്ത് നൽകണം. ഇക്കാര്യങ്ങൾ പരിഗണിച്ച് വെള്ളിയാഴ്ചയ്ക്കുള്ളിൽ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ തീരുമാനം കൈക്കൊള്ളാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് കമ്മീഷനോടു നിർദേശിച്ചു.
കേരളത്തിന്റെ ആവശ്യം ന്യായയുക്തമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണന ആവശ്യമെന്നും വാദത്തിനിടയിൽ ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവും ഒരുമിച്ചു നടക്കുന്നതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും നേരിടുന്നില്ല എന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ എസ്ഐആർ നടപടിക്ക് നിയോഗിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. 1.76 ലക്ഷം ജീവനക്കാരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുണ്ട്. 25,468 ഉദ്യോഗസ്ഥരെ എസ്ഐആർ നടപടിക്കായി നിയോഗിച്ചതായും കമ്മീഷൻ കോടതിയെ അറിയിച്ചു. 98.8 ശതമാനം ഫോമുകൾ വിതരണം ചെയ്തു. 80 ശതമാനം ഫോമുകൾ ഡിജിറ്റൈസ് ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഈ വിഷയത്തിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ച കോടതി, തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ, നിലവിൽ തുടരുന്ന നടപടികൾക്ക് തടസമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
താഴെത്തട്ടിൽ സ്ഥിതി മോശമെന്ന് ഹർജിക്കാർ
തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന കണക്കുകൾ പ്രകാരമല്ല താഴെതട്ടിൽ കാര്യങ്ങൾ നടക്കുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. നടപടികൾ ഇതേ രീതിയിൽ തുടർന്നാൽ നിരവധി വോട്ടുകൾ വെട്ടിമാറ്റപ്പെടുമെന്ന് ഹർജിക്കാർ ആരോപിച്ചു. പുതുപ്പള്ളിയിലെ രണ്ടായിരം വീടുകൾ കയറിയപ്പോൾ കണ്ട സാഹചര്യം വ്യത്യസ്തമായിരുന്നുവെന്ന് ചാണ്ടി ഉമ്മനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
സമാനമായി നിരവധി പ്രവാസികളുടെ പേരുകൾ വെട്ടി മാറ്റപ്പെടുമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാരിസ് ബീരാൻ വ്യക്തമാക്കി. ഓണ്‍ലൈനിലൂടെ ഫോമുകൾ പൂരിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയെങ്കിലും നേരിട്ടുള്ള വെരിഫിക്കേഷൻ പ്രവാസികളുടെ കാര്യത്തിൽ പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യം ഹർജിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി.
Kerala
തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഫോമുകളിൽ 88.74 ശതമാനവും ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.
ചൊവ്വാഴ്ച്ച വൈകുന്നേരം ആറുവരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 2,47,14,494 എണ്ണമാണ്. നഗരപ്രദേശങ്ങളിൽ നിന്നുള്ള ഫോമുകൾ ഫോമുകൾ ഇനിയും മടക്കി നൽകിയിട്ടില്ലാത്തവർ എത്രയും വേഗം പൂരിപ്പിച്ച് ബിഎൽഒമാരെ ഏല്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎൽഒമാർ മൂന്നു തവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരുടെ (അണ് ട്രെയിസബിൾ) എണ്ണം 11.13 ലക്ഷത്തോളമായി ഉയർന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.
മൊത്തം വോട്ടർ പട്ടികയിൽ ഏകദേശം അഞ്ചു ശതമാനത്തോളം വരുമിത്. കണ്ടെത്താനാകാത്തവർ കൂടുതലും നഗരപരിധിയിലാണ്. ഒരാഴ്ച അധിക സമയം അനുവദിച്ചതോടെ ഇവരിൽ ആരെയെങ്കിലും കണ്ടെത്താൻ കഴിയുമോ എന്ന് വീണ്ടും പരിശോധന നടത്താനാകും.
86 ശതമാനം പേരും ഫോം പൂരിപ്പിച്ചു ബിഎൽഒമാർക്ക് മടക്കി നൽകി. മടക്കി നൽകാത്തവരും നഗരപരിധിയിലാണ് കൂടുതൽ. എത്രയും വേഗം ഫോം പൂരിപ്പിച്ചു മടക്കി നൽകുന്നുവോ അവരെ വേഗത്തിൽ പട്ടികയിൽ ഉൾപ്പെടുത്താനാകും.
അവസാനഘട്ടം വരെ കാത്തുനിൽക്കാതെ ഫോം വേഗത്തിൽ പുരിപ്പിച്ചു മടക്കിനൽകാനാകണം. വേഗത്തിൽ ഡിജിറ്റൈസ് ചെയ്യാൻ ഇതു സഹായിക്കും. പൂരിപ്പിച്ച ഫോമിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും ഇത് ഉപകരിക്കും.
നീട്ടിയില്ലെങ്കിലും ഫോം പൂരിപ്പിച്ചു തിരിച്ചു മേടിക്കുന്നതിന് ബിഎൽഒമാർക്ക് നേരത്തേ സമയപരിധി നൽകിയിരുന്നു. നേരത്തേ അനുവദിച്ചിരുന്ന സമയപരിധിയായ ഡിസംബർ നാലുവരെ കാത്തു നിൽക്കാനല്ല ശ്രമിച്ചത്. ഇന്ന് 95 ശതമാനം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. ഇന്നലെ ഇത് 86 ശതമാനത്തിൽ എത്തിയിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം പരാമവധി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം ഉറപ്പാക്കിയും ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകൾ അനുസരിച്ചുമാകണമെന്നു നിർദേശം.
ക്രമസമാധാന പാലനത്തിനും ഗതാഗതനിയന്ത്രണത്തിനും ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താൻ പോലീസിനു സാധ്യമാകണം. ഇവ നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർഥിയോ പോലീസിനെ മുൻകൂട്ടി അറിയിക്കണം. മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസപ്പെടുത്തുകയോ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും ഉറപ്പാക്കണം.
മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെയും പൊതുയോഗങ്ങളിൽ പ്രശ്നം സൃഷ്ടിക്കാൻ പാടില്ല. ഒരു പാർട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കേ മറ്റൊരു കക്ഷി ഇതേ സ്ഥലത്ത് ജാഥ നടത്താൻ പാടില്ല. ഒരു പാർട്ടിയുടെ ചുവർപരസ്യം മറ്റു കക്ഷി പ്രവർത്തകർ നീക്കം ചെയ്യരുത്.
യോഗം നടത്തുന്ന സ്ഥലത്തു നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലില്ലെന്ന് ഉറപ്പാക്കണം. അത്തരം ഉത്തരവ് നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കണം.
പൊതുയോഗം തടസപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവർത്തിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസംവരെ തടവോ 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.
യോഗം നടത്താൻ ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണം. ശബ്ദമലിനീകരണ വ്യവസ്ഥകൾക്ക് അനുസൃതമായി, അനുവദനീയമായ ശബ്ദത്തിൽ മാത്രമേ ഉച്ചഭാഷിണികൾ പ്രവർത്തിക്കാവൂ.
ജാഥ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്നറൂട്ടും അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി അറിയിക്കണം. വാഹനഗതാഗതത്തിന് തടസമുണ്ടാകാത്ത വിധത്തിലാവണം ജാഥ. ഗതാഗത നിയന്ത്രണം നിർബന്ധമായി പാലിക്കണം. ജാഥ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസ് നിർദ്ദേശം പാലിക്കണം.
രണ്ടോ അതിലധികമോ രാഷ്ട്രീയപാർട്ടികളോ സ്ഥാനാർഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ഭാഗങ്ങളിലോ ജാഥകൾ നടത്താൻ തീരുമാനിച്ചാൽ, സംഘാടകർ തമ്മിൽ മുൻകൂട്ടി ബന്ധപ്പെടുകയും ജാഥകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസമുണ്ടാകാതിരിക്കാനും നടപടി സ്വീകരിക്കണം.
ഉചിതമായ ക്രമീകരണത്തിന് ലോക്കൽ പോലീസ് സഹായം തേടാം. രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി കത്തിക്കുന്നതും മറ്റു പ്രകടനം നടത്തുന്നതും കുറ്റകരമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ നിരന്തര സമ്മർദം തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിനുള്ള (എസ്ഐആർ) സമയപരിധി ഒരാഴ്ച നീട്ടാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ പ്രേരിപ്പിച്ച പ്രധാന ഘടകമായതായി വിലയിരുത്തൽ.
എസ്ഐആർ ആരംഭിച്ചതു മുതൽ കമ്മീഷൻ എല്ലാ ആഴ്ചയും കേരളത്തിൽ വിളിച്ച യോഗത്തിലെ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിന്റെ ആവശ്യം മിനിറ്റ്സ് സഹിതം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയിരുന്നതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
എസ്ഐആർ കേരളത്തിൽ തുടങ്ങിയ ശേഷം ഇതുവരെ ആറ് ആഴ്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ഡിസംബർ ഒൻപതിന്, എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഷെഡ്യൂൾ നീട്ടിവയ്ക്കണമെന്നായിരുന്നു രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുടെ പ്രധാന ആവശ്യം. എന്യുമറേഷൻ ഫോമുകൾ പൂരിപ്പിച്ചുനൽകാനുള്ള സമയപരിധി ഡിസംബർ നാലിൽ നിന്നു 11 ലേക്കു മാറ്റിയതിലും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒൻപതിൽനിന്ന് 16ലേക്കും നീട്ടിയതിലും ഇതു ഘടകമായി.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടത്തണമെന്നായിരുന്നു ആദ്യഘട്ടത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യം കമ്മീഷൻ പരിഗണിച്ചില്ല. എസ്ഐആറിനെതിരേ ഫയൽ ചെയ്ത കേസ് നാളെ സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. കേരളത്തിനു വേണ്ടിയും കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകേണ്ടി വരും.
എസ്ഐആർ നടക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിൽ എടുത്ത് എല്ലാ ആഴ്ചയും യോഗം വിളിക്കാറുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും കേരളത്തിൽ എല്ലാ ശനിയാഴ്ചയും രാഷ്ട്രീയ പാർട്ടി നേതൃത്വത്തെ എസ്ഐആർ പുരോഗതി അറിയിക്കുകയും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് രത്തൻ കേൽക്കർ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സമയപരിധി നീട്ടാൻ ഇതൊക്കെ ഘടകങ്ങളായിട്ടുണ്ടാകാമെന്നാണ് അദ്ദേഹം പറയുന്നത്.
തെറ്റുകളില്ലാത്ത വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനായി നീട്ടിയ ഒരാഴ്ച സമയപരിധി വിനിയോഗിക്കും. ജില്ലാ കളക്ടർമാർക്കോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കോ ഒരു അപ്പീലുപോലും ലഭിക്കാത്ത വിധം സംശുദ്ധമായി പട്ടിക പ്രസിദ്ധീകരിക്കാൻ ശ്രമിക്കാൻ ഇതുവഴി സമയം ലഭിക്കും.
കണ്ടെത്താനാകാത്തവരിൽ ആരെയെങ്കിലും കണ്ടെത്താൻ കഴിയുമോ എന്നതിനായി ബിഎൽഒമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് തല ഏജന്റുമാരും (ബിഎൽഎ) സംയുക്ത യോഗം വീണ്ടും നടത്താനും നിർദേശിച്ചിട്ടുണ്ട്.
ഇതുവഴി അർഹതപ്പെട്ട ആരെങ്കിലും കരട് പട്ടികയിൽ നിന്ന് ഒഴിവാകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാകും. ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, കിടപ്പുരോഗികൾ തുടങ്ങിയവരെ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉൾപ്പെടുത്താൻ അവസാന ആഴ്ച വിനിയോഗിക്കാൻ നിർദേശിക്കും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണയും ‘നോട്ട’യ്ക്ക് വോട്ട് ചെയ്യാനാകില്ല. സ്ഥാനാർഥി പട്ടികയിലുള്ള ആർക്കും വോട്ട് ചെയ്യാൻ വോട്ടർക്ക് താത്പര്യമില്ലെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇല്ലാത്തത്.
പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താത്തതിനാലാണ് നോട്ടയെ (നിഷേധവോട്ട്) സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിക്കാത്തത്.
അക്ഷരമാല ക്രമത്തിൽ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നങ്ങളുമാണ് ഇവിടെയുള്ളത്.
ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നോട്ടയെ അംഗീകരിച്ചാൽ ചിലപ്പോൾ സ്ഥാനാർഥികളേക്കാൾ വോട്ട് നേടിയാൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് നോട്ടയെ ഉൾപ്പെടുത്താത്തതെന്ന വാദവുമുണ്ട്.
Kerala
കൊച്ചി : കൊച്ചി കോർപറേഷൻ പരിധിയിൽ നിന്ന് 30 ലക്ഷം രൂപയുടെ നിരോധിത പ്രിന്റിംഗ് മെറ്റീരിയലുകൾ പിടിച്ചെടുത്തു. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പ്രിന്റിംഗ് മെറ്റീരിയലുകൾ പിടിച്ചെടുത്തത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കടയുടമയിൽ നിന്ന് 50,000 രൂപ ഫൈൻ ഈടാക്കുകയും ചെയ്തു.
തെരഞ്ഞടുപ്പ് കമ്മീഷന്റെ നിർദ്ദേശം അനുസരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പ്രിന്റിംഗ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരും.
National
കോൽക്കത്ത: എസ്ഐആറിലൂടെ സംസ്ഥാനത്തെ ഒരു വോട്ട് പോലും നീക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രി കസേരയിൽ താൻ ഇരിക്കുന്നിടത്തോളം കാലം ഒരാളും എസ്ഐആറിനെ ഭയപ്പെടേണ്ടതില്ലെന്നും മമത പറഞ്ഞു.
"എന്തിനാണ് എസ്ഐആർ നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പോലും വ്യക്തതയില്ല. ബംഗ്ലാദേശികളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാനാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ മധ്യപ്രദേശിലും ഉത്തർപ്രദേശിലും എന്തിനാണ് എസ്ഐആർ നടത്തുന്നത്.'- മമത ചോദിച്ചു.
"ഒരു കാര്യം പ്രധാനമന്ത്രിയും ബിജെപിയും ഓർക്കുന്നത് നല്ലതാണ്. ഇതേ വോട്ടർ പട്ടിക വച്ച് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് നിങ്ങൾ മൂന്നാം തവണയും അധികാരത്തിലെത്തിയത്. ഈ വോട്ടർ പട്ടികയിലെ ആളുകളെ നീക്കം ചെയ്യുകയാണെങ്കിൽ കേന്ദ്ര സർക്കാരും രാജിവച്ച് പുറത്തുപോകണം. അതാണ് വേണ്ടത്.'-മമത കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്നു നിയമവിരുദ്ധമായി നീക്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പരാതി.
രണ്ടു ഭാഗവും കേൾക്കാതെ നടപടി സ്വീകരിച്ച കോർപറേഷനിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്. നായരാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയത്.
വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി നീക്കിയ നടപടിയിൽ തിരുവനന്തപുരം കോർപറേഷൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും ഹിയറിംഗ് ഉദ്യോഗസ്ഥരുമായ ജി.ആർ. പ്രതാപചന്ദ്രൻ, ജി.എം. കാർത്തിക എന്നിവരുടെ ഭാഗത്തു കുറ്റകരമായ വീഴ്ച സംഭവിച്ചു. ഏതൊരു പരാതിയിലും തീർപ്പ് കല്പിക്കുന്പോൾ രണ്ടു ഭാഗവും കേൾക്കേണ്ടതുണ്ട്.
എന്നാൽ, വൈഷ്ണയുടെ ഭാഗം കേൾക്കാതെ പരാതിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം ഉദ്യോഗസ്ഥർ ഏകപക്ഷീയമായി സ്വീകരിച്ച നടപടി ഗുരുതരമായ നിയമലംഘനമാണ്. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോ എന്നു സംശയമുണ്ട്.
വൈഷ്ണയുടെ പേര് നീക്കാനുള്ള ആക്ഷേപയിന്മേൽ ഹിയറിംഗ് ഉദ്യോഗസ്ഥനായ ജി.ആർ. പ്രതാപചന്ദ്രന്റെ ഉത്തരവിൽ നിയമവിരുദ്ധമായ കാര്യങ്ങൾ പ്രതിപാദിക്കുന്നു. വൈഷ്ണ മുട്ടടയിലെ മേൽവിലാസത്തിലെ താമസക്കാരിയാണെന്നു വ്യക്തമായിട്ടും രേഖകൾ മുഖവിലയ്ക്കെടുക്കാതെ സ്വീകരിച്ച നടപടി ഗുരുതരമായ കൃത്യ വിലോപമാണെന്നും പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും. നാളെ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മപരിശോധനയ്ക്കുശേഷം യോഗ്യരായ സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും.
സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24 ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ്. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിനുശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
തെരഞ്ഞെടുപ്പ് ഏജന്റ്
മത്സരിക്കുന്ന സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാർഥികൾക്ക് ഓരോ തെരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചുകൊണ്ടുള്ള ഫാറം 8 ലുള്ള നോട്ടീസ് വരണാധികാരിക്ക് നൽകാം.
നിക്ഷേപത്തുക പണമായി നൽകാം
നാമനിർദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട നിക്ഷേപത്തുക വരണാധികാരിക്ക് പണമായി നൽകാം. തദ്ദേശ സ്ഥാപനത്തിലും ട്രഷറിയിലും തുക അടയ്ക്കാം.
ഇതുവരെ പത്രിക സമർപ്പിച്ചവർ 64,814
തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ ഇതുവരെ പത്രിക സമർപ്പിച്ചത് 64,814 സ്ഥാനാർഥികൾ. ഇതിൽ 35,173 വനിത സ്ഥാനാർഥികളും 29,640 പുരുഷൻമാരുമാണ് ഇന്നലെ വരെ പത്രിക നൽകിയത്.
ഇന്നലെ വരെ 95369 നാമനിർദേശ പത്രികകൾ ലഭിച്ചു. ഒരു സ്ഥാനാർഥിക്ക് മൂന്നു സെറ്റ് പത്രികകൾ വരെ നൽകാം. ഇന്നലെ മാത്രം 36,153 പത്രികകൾ ലഭിച്ചു. തൃശൂരിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പേർ മത്സര രംഗത്തുള്ളത്. 7550 പേരാണ് ഇവിടെ ഇതുവരെ പത്രിക നൽകിയത്. മലപ്പുറത്ത് 7137 പേരും പാലക്കാട് 7036 പേരും പത്രിക സമർപ്പിച്ചു.
മറ്റു ജില്ലകളിൽ മത്സര രംഗത്തുള്ള വർ: തിരുവനന്തപുരം- 5664, കൊല്ലം- 3680, പത്തനംതിട്ട- 2167, ആലപ്പുഴ- 3634, കോട്ടയം- 3364, ഇടുക്കി- 2098, എറണാകുളം- 5303, കോഴിക്കോട്- 6284, വയനാട്- 1976, കണ്ണൂർ- 6033, കാസർഗോഡ്- 2888.